കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് വി ഡി സതീശന്‍

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുജിത്ത് നേരിട്ടത് ക്രൂരമര്‍ദ്ദനമാണെന്ന് സതീശന്‍ പറഞ്ഞു. ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തത്. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. എസ്ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
പുതിയ കാലത്താണ് ഇങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നതെന്ന് ഓര്‍ക്കണം. സുജിത്തിനെ മര്‍ദ്ദിച്ചതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ അത് പോലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഉപജാപക സംഘത്തിന്റെ വക്താവായി ഡിഐജി മാറരുത്. കേരളത്തിലെ പൊലീസ് ഇത്രമാത്രം വഷളായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല.
വിഷയത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടാണുള്ളത്. പ്രതിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്താതെ പൊലീസുകാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നത്. സിപിഐഎം ജില്ലാ കമ്മിറ്റിയും അതിന് പിന്നിലുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അതില്‍ പങ്കുണ്ട്. വിവരാവകാശ രേഖപ്രകാരം വീഡിയോ ലഭിച്ചില്ലായിരുന്നെങ്കില്‍ ഈ സംഭവം പുറത്തറിയില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു,