KeralaNews

വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്

വോട്ടെടുപ്പ് ദിനത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പ് ആയ ഊബര്‍ പ്രഖ്യാപിച്ച സൗജന്യ യാത്രാപദ്ധതിയില്‍ ബൈക്ക് ടാക്‌സികള്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തടഞ്ഞ് കേരള ഓണ്‍ലൈന്‍ ടാക്‌സി യൂണിയന്‍. കേരള ഓണ്‍ലൈന്‍ ടാക്‌സി ഓണേഴ്‌സ് അസോസിയേഷന്‍ (കെഒടിഒഎ) സംസ്ഥാന പ്രസിഡന്റ് പി സന്തോഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ഞ ബോര്‍ഡില്ലാത്ത വാഹനങ്ങള്‍ക്ക് ഈ സൗജന്യപദ്ധതിയില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. അഡിഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പി ബി നൂഹ് ആണ് ഊബറിന് കര്‍ശന നിര്‍ദേശം നല്‍കിയത്

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് വോട്ടര്‍മാര്‍ക്ക് കാര്‍, ഓട്ടോ എന്നിവയ്‌ക്കൊപ്പം ബൈക്ക് ടാക്‌സിയും വോട്ടെടുപ്പ് ദിനത്തില്‍ സൗജന്യമായി അനുവദിക്കുമെന്ന് ഊബര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം ബൈക്ക് ടാക്‌സികള്‍ക്ക് യാതൊരുവിധ നിരക്കും നിശ്ചയിക്കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല എന്ന് ഗതാഗത വകുപ്പ് വിവരാവകാശ രേഖയിലൂടെ വ്യക്തമാക്കിയിരുന്നു. ഈ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്.

യാതൊരുവിധ പെര്‍മിറ്റുമില്ലാതെ അനധികൃതമായി സര്‍വീസ് നടത്തുന്ന ഊബര്‍ മോട്ടോര്‍ ബൈക്കുകളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതിയുടെ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഊബര്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കൃത്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നല്‍കുന്ന പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ഊബര്‍ ഇന്ത്യക്ക് കമ്മീഷന്‍ രേഖാമൂലം നിര്‍ദേശം നല്‍കി. വാഹനങ്ങള്‍ക്ക് മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളോ (അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച ബോര്‍ഡില്‍ മഞ്ഞ അക്ഷരങ്ങളോ) ഉണ്ടായിരിക്കണമെന്നും ഈ ഉത്തരവില്‍ കര്‍ശനമായി വ്യക്തമാക്കിയിട്ടുണ്ട്. പെര്‍മിറ്റില്ലാത്ത സ്വകാര്യ വാഹനങ്ങള്‍ (വൈറ്റ് ബോര്‍ഡ്) കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കമ്മിഷന്റെ ഈ ഉത്തരവോടെ ഊബറിന് അനധികൃത ബൈക്ക് ടാക്‌സികളെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതായും സന്തോഷ്‌കുമാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button