വിഴിഞ്ഞവും ദേശീയപാതയും വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കും; മന്ത്രി പി രാജീവ്
വിഴിഞ്ഞം പദ്ധതിയും ദേശീയപാത വികസനവും സംസ്ഥാനത്തെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. യു ഡി എഫ് ഭരണകാലത്ത് കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ ഗവൺമെൻ്റ് അധികാരത്തിൽ ഉണ്ടായിട്ടും വിവിധ പദ്ധതികൾക്ക് സ്ഥലം വാങ്ങിയത് അല്ലാതെ ഒന്നും യാഥാർഥ്യമാക്കാൻ ഇവർക്ക് സാധിച്ചില്ലെന്നും ഇവിടെയാണ് എൽ ഡി എഫ് ഇത്ര വേഗത്തിൽ പണികൾ പൂർത്തിയാക്കി പദ്ധതികൾ യാഥാർഥ്യമാക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
“വികസനത്തിന്റെ കാര്യത്തിൽ എപ്പോഴും കുറ്റപ്പെടുത്തുന്ന മനോരമ പോലും സർക്കാരിന് 50 ശതമാനത്തിന് മുകളിൽ മാർക്ക് നൽകി. ഈ ഗവൺമെൻ്റ് തുടരും എന്ന് ജനങ്ങൾ തന്നെ സമ്മതിക്കുകയാണ്”. അദ്ദേഹം പറഞ്ഞു. എന്നാൽ പരസ്യമായി മാധ്യമ പ്രവർത്തകർക്ക് കൈകൂലി നൽകി എന്ന് വി ഡി സതീശൻ പറഞ്ഞിട്ടും മാധ്യമങ്ങൾ അതിനെ പറ്റി ഒരു പ്രതികരണവും നടത്താൻ തയ്യാറായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതോടൊപ്പം ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പുവച്ച കമ്പനികളിൽ 4 എണ്ണം പ്രവർത്തനം ആരംഭിച്ചുവെന്നും 8 എണ്ണത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസവും അടുത്ത മാസം 5 എണ്ണത്തിൻ്റ നിർമാണവും ആരംഭിക്കുംമെന്നും അദ്ദേഹം വിശദീകരിച്ചു.” പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉപദേശക കമ്മിറ്റി രൂപീകരിച്ചു.
വിഴിഞ്ഞത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോജിസ്റ്റിക് ഗ്രൂപ്പ് ആയ സർഫ് ഗ്രൂപ്പിൻ്റെ ലോജിസ്റ്റിക് കമ്പനി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഗ്ലോബൽ സിറ്റിക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ല. അത് ലഭിച്ചാൽ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയെ പോലുള്ള ഗ്ലോബൽ സിറ്റി കേരളത്തിലും യാഥാർഥ്യമാകും. രണ്ടാഴ്ചയ്ക്ക് ഉള്ളിൽ ഇതിൽ തീരുമാനമാകും”. അദ്ദേഹം കൂട്ടിച്ചേർത്തു.