
നിരവധി ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികള്‍ കെപിസിസിക്ക് കൈമാറി. പരാതികള്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസി നേതൃത്വത്തിനോട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി നിര്‍ദേശിച്ചതായാണ് വിവരം.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഒട്ടനവധി പരാതികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ ആരോപണങ്ങളും പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഒട്ടും അലംഭാവം കാട്ടാതെ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനാണ് കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ രാഹുല്‍ മാങ്കൂട്ടം ഇരട്ടപ്പദവിയാണ് വഹിക്കുന്നത്. എംഎല്‍എ പദവിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. എംഎല്‍എ ആയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തെ മാറ്റുന്നതിനെ കുറിച്ച് നേതൃതലത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തെ മാറ്റി മുഖം രക്ഷിക്കാനുള്ള ആലോചനകളിലേക്ക് നേതൃത്വം കടന്നതായാണ് വിവരം. ഇതുസംബന്ധിച്ച് കൂടുതല്‍ പരസ്യ പ്രതികരണങ്ങളിലേക്ക് നേതാക്കള്‍ കടന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്നത് അടക്കമുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തെ മാറ്റണമെന്ന തരത്തില്‍ നേതാക്കളുടെ ഇടയില്‍ നിന്ന് തന്നെ അഭിപ്രായം ഉയരുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സംഘടനാതലത്തില്‍ നിന്ന് തന്നെയാണ് പരാതികള്‍ നേതൃത്വത്തിന് ലഭിച്ചത്. ഇതില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള സ്്ത്രീകളുടെ ആരോപണങ്ങള്‍ ഉള്‍പ്പെടെ പരാതികളായി നേതൃത്വത്തിന് ലഭിച്ചതായാണ് വിവരം. കൂടാതെ ഫണ്ട് തിരിമറി ഉള്‍പ്പെടെയുള്ള ആരോപണങ്ങളും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നേതൃത്വത്തിന് പരാതിയായി ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.