‘മുഖ്യമന്ത്രിയെ തൊടില്ല’; യെച്ചൂരിക്ക് ചിലവിന് കൊടുക്കുന്നത് പിണറായി വിജയനെന്ന് കെ.സുരേന്ദ്രൻ

0

തിരുവനന്തപുരം: സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം ഇടതു സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളും നേതാക്കളുടെ ധാർഷ്ട്യവുമാണെന്ന് സമ്മതിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാൻ ഭയമാണെന്ന് സുരേന്ദ്രൻ വിമർശിച്ചു. ഇതിന് കാരണം പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചിലവിന് കൊടുക്കുന്നത് എന്നതിനാലാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

തിരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനേയും പാർട്ടിയേയും വിമർശിക്കുമ്പോഴും മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യം സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇല്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിൽ പിണറായി സർക്കാർ നടത്തുന്ന അഴിമതിയുടെ പങ്കുപറ്റിയാണ് ദേശീയതലത്തിൽ സിപിഐഎം പ്രവർത്തിക്കുന്നത്. കരുവന്നൂരിലെ പാവങ്ങളുടെ പണം രഹസ്യ അക്കൗണ്ടുകൾ വഴി സിപിഐഎം കൈക്കലാക്കിയത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

പാർട്ടിയിലും സംസ്ഥാന സർക്കാരിലും ആദ്യം തിരുത്തപ്പടേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എന്നാൽ താൻ അതിന് തയ്യാറല്ലെന്ന് നിരന്തരം പ്രഖ്യാപിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ ഭൂരിപക്ഷ വിഭാഗത്തോട് പകവീട്ടിക്കൊണ്ട് മുസ്ലീം പ്രീണനം കൂടുതലായി നടത്താനാണ് പിണറായി ഇപ്പോൾ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ പച്ചയായ മുസ്ലീം പ്രീണനം നടത്തിയതാണ് സിപിഎമ്മിന് തിരിച്ചടിയായതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here