Blog

മുകേഷ് സ്ത്രീ പീഡനത്തിന്റെ അപ്പോസ്തലൻ; സുരേഷ് ഗോപി പറഞ്ഞതല്ല പാര്‍ട്ടി നിലപാടെന്ന് കെ സുരേന്ദ്രന്‍

നടനും എംഎല്‍എയുമായ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി. മുകേഷിന്റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുകേഷിനെ പരോക്ഷമായി പിന്തുണച്ചു കൊണ്ടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും പാര്‍ട്ടി നിലപാട് അതല്ലെന്നും അദ്ദേഹം പറഞ്ഞു. നിലപാട് പറയാന്‍ സുരേഷ് ഗോപിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്നത്തെ വിഷയം സുരേഷ് ഗോപിയുടെ പരാമര്‍ശമല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുരേന്ദ്രന്റെ മറുപടി.

‘സ്ത്രീ പീഡനത്തിന്റെ അപ്പോസ്തലന്‍ ആണ് മുകേഷ്. രക്ഷിതാക്കളെ വരെ പീഡിപ്പിക്കാന്‍ മടിയില്ലാത്തയാളാണ്. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രഞ്ജിത്തും സിദ്ധീഖും രാജി വച്ചു. കൊല്ലം എംഎല്‍എ മുകേഷിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. മറ്റ് രണ്ടു പേരെക്കാള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കേണ്ടത് മുകേഷാണ്. ഗൗരവകരമായ ആരോപണമാണ് മുകേഷിന് എതിരെ ഉയര്‍ന്നത്. അടിയന്തരമായി മുകേഷ് രാജിവയ്ക്കണം. സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണ്. ഇഷ്ടക്കാരാണേല്‍ എന്തുമാകാമെന്ന സ്വജനപക്ഷപാതമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത നിഴലിലാണ്,’ സുരേന്ദ്രന്‍ പറഞ്ഞു. മുകേഷ് കോണ്‍ക്ലേവില്‍ പങ്കെടുത്താല്‍ കോണ്‍ക്ലേവ് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാ മേഖലയില്‍ ഗുരുതരമായ പല പ്രവൃത്തികളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ദേശശുദ്ധിയില്‍ നിന്ന് വിപരീതമായി സഞ്ചരിക്കുന്നുവെന്നും എല്ലാ കാര്യങ്ങളും അവതാളത്തിലായെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഡ്രഗ്‌സ് മാഫിയ പിടി മുറുക്കിയെന്നും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മട്ടാഞ്ചേരി മാഫിയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് എടുക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button