International

ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മലയാളിയും; ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്

ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ആദ്യമായി മലയാളിയും. ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജന്‍ ജോസഫ്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തകമണ്ഡലമാണ് ആഷ്‌ഫോര്‍ഡ്. അട്ടിമറി ജയത്തോടെയാണ് എംപിയായി സോജന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ തോല്‍പ്പിച്ചത്.

വോട്ടെടുപ്പില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടുള്ള എതിര്‍പ്പ് തുണച്ചെന്നും സോജന്‍. കുത്തകമണ്ഡലത്തില്‍ നേടാനായത് ചരിത്ര വിജയം, ദേശ ഭാഷാ ഭേദമില്ലാതെ എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും സോജന്‍ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. സോജന്റെ വിജയം ആഘോഷമാക്കുകയാണ് വീടും നാടും. മകന്റെ നേട്ടത്തില്‍ സന്തോഷമെന്ന് പിതാവ് ജോസഫും പ്രതികരിച്ചു.

അതേസമയം ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി ഭരണമുറപ്പിച്ചു കഴിഞ്ഞു. ആകെയുള്ള 650 സീറ്റുകളില്‍ കേവല ഭൂരിപക്ഷമായ 326 സീറ്റുകള്‍ പാര്‍ട്ടി മറികടന്നു. റിഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ലേബര്‍ പാര്‍ട്ടി നേതാവ് കിയ്ര്‍ സ്റ്റാമറിനെ അഭിനന്ദിക്കുന്നയും സുനക് പറഞ്ഞു. കിയ്ര്‍ സ്റ്റാമറും സന്തോഷം പങ്കുവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button