Blog

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും, തുക ഉയർത്തി കർണാടക സർക്കാർ

ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയർത്തി കർണാടക സർക്കാർ. തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെയും കുടുംബത്തിന് നൽകേണ്ട തുക 10 ലക്ഷത്തിൽ നിന്നും 25 ലക്ഷമായി ഉയർത്തി. നേരത്തെ പ്രഖ്യാപിച്ച തുക അപര്യാപ്തമെന്ന് ആരോപിച്ച് ബിജെപി അടക്കം രംഗത്തുവന്നിരുന്നു. പിന്നാലെയാണ് തുക വർധിപ്പിച്ച് കർണാടക സർക്കാർ ഉത്തരവിറക്കിയത്.

ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഇന്നലെ രാജിവെച്ചിരുന്നു. സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ഇ എസ് ജയറാം എന്നിവരാണ് രാജിവെച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് മുൻപിലെ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 11 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.

അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസിപി, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍-ചാര്‍ജ്, അഡീഷണല്‍ പോലീസ് കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ആർസിബിയുടെ മാർക്കറ്റിംഗ് ഹെഡ് അടക്കം നാലുപേരെ കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button