
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 65 ലക്ഷം വോട്ടർമാർ പുറത്തായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പുനഃപരിശോധന പ്രക്രിയയിൽ 35 ലക്ഷം പേരെ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ആഗസ്ത് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ ബീഹാറിൽ എസ് ഐ ആർ (SIR) പ്രക്രിയകൾ അവസാനഘട്ടത്തിലെന്നും കമ്മീഷൻ അറിയിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിൽ തീവ്ര വോട്ടർപട്ടിക പുനഃപരിശോധന നടപടിയിലൂടെ 65 ലക്ഷത്തിലധികം വോട്ടർമാരാണ് പുറത്തായത്. തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച 7 കോടി 23 ലക്ഷത്തോളം വോട്ടർമാരുടെ അപേക്ഷകളിൽ 35 ലക്ഷം വോട്ടർമാരെ അനധികൃത കുടിയേറ്റക്കാരെന്നപേരിൽ പുറത്താക്കി. 7 ലക്ഷം വോട്ടർമാർ രണ്ടോ അതിലധികമോ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് കമ്മീഷന്റെ വിശദീകരണം. മരണപ്പെട്ട 22 ലക്ഷം വോട്ടർമാരുടെ പേരും പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇനിയും ലഭിക്കാനുള്ളത് ഒരു ലക്ഷത്തിലധികം അപേക്ഷകളാണ്.
സുപ്രീംകോടതി നിർദ്ദേശവും പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധവും അവഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര പുനഃപരിശോധനയുമായി മുന്നോട്ടുപോയത്. ഭൂരിഭാഗം സാധാരണക്കാരുടെയും കൈവശമുള്ള ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയവയ തിരിച്ചറിയൽ രേഖയായി പരിഗണിക്കാത്തതും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. അതേസമയം ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ ഭൂരിഭാഗം വോട്ടർമാരുടെയും വോട്ട് അവകാശം ലംഘിച്ചുകൊണ്ട് പരിശോധന പ്രക്രിയകൾ ബീഹാറിൽ പൂർത്തീകരിക്കുന്നത്.