Blog

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ സി വേണുഗോപാല്‍ ഒപ്പിട്ട കുറിപ്പ് പുറത്തിറങ്ങി.

നിലമ്പൂരില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് ഇത് രണ്ടാമൂഴമാണ്. 2016ലായിരുന്നു ആദ്യമത്സരം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യടന്‍ ഷൗക്കത്ത് രാഷ്ട്രീയത്തിനൊപ്പം സിനിമ, സാംസ്‌കാരിക രംഗങ്ങളിലും തന്റേതായ ഇടം കണ്ടെത്തി. നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ ചെയര്‍മാനുമായിരുന്നു അദ്ദേഹം.

34 വര്‍ഷം ആര്യാടന്‍ മുഹമ്മദ് കോട്ടയായി നിലനിര്‍ത്തിയ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കളത്തിലിറക്കുന്നത് ആര്യാടന്റെ മകനെ തന്നെയാണ്. നിലമ്പൂരിന്റെ മുക്കുംമൂലയും അറിയാം എന്നത് തന്നെയാണ് ഷൗക്കത്തിനെ പരിഗണിക്കാനുള്ള പ്രധാന ഘടകവും. പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ കെഎസ്യുവിന്റെ സ്‌കൂള്‍ ലിഡറായി തിരഞ്ഞെടുത്തതോടെയാണ് ഷൗക്കത്തിന്റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവം. സിപിഐഎം സിറ്റിംഗ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ഷൗക്കത്ത് 2005ല്‍ നിലമ്പൂര്‍ പഞ്ചായത്ത് അംഗവും തുടര്‍ന്ന് പ്രസിഡന്റുമായത്. എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button