തിരുവനന്തപുരം കേരളത്തിന്റെ വികസന വഴിയിൽ നാഴികക്കല്ലായി മാറുന്ന സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലേക്ക്. അന്താരാഷ്ട്ര തുറമുഖത്ത് ജൂലൈ 12 ന് ട്രയൽ റൺ നടക്കും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാവും ആദ്യം വിഴിഞ്ഞത്തേക്കെത്തുന്ന കപ്പൽ. അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയ്നർ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരണം നല്‍കും.
ട്രയൽ റണ്ണിന് മുന്നോടിയായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘാടകസമിതി യോഗം വിഴിഞ്ഞത്ത് വിളിച്ച് ചേർത്തിട്ടുണ്ട്. ബാർജുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ ഇറക്കിയും കയറ്റിയുമാണ് ട്രയൽ റൺ നടത്തുക. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ട്രയൽ വിജയകരമായാൽ ഓണത്തിന് തുറമുഖം കമ്മീഷൻ ചെയ്യുന്നതിനയാണ് സർക്കാരിന്റെ നീക്കം. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുറമുഖ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.
മലയാളികള്‍ക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് നടക്കുമെന്ന് നിർമ്മാണ കമ്പനിയായ അദാനി ഗ്രൂപ്പ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കെത്താവുന്ന സൗകര്യമുള്ള തുറമുഖമെന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്. തീരദേശ മേഖലയുടേയും ലത്തീൻ കത്തോലിക്കാ സഭയുടേയും ഒട്ടേറെ പ്രതിഷേധ സമരങ്ങളെ അതിജീവിച്ചാണ് തുറമുഖം യാഥാർത്ഥ്യമാവുന്നത്.
ഏതാണ്ട് മുപ്പത്തിയൊന്ന് വർഷത്തെ ചരിത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ളത്. 1991ൽ ആരംഭിച്ച വിഴിഞ്ഞം തുറമുഖം എന്ന അജൻഡ കരാർ രൂപത്തിലായി ഒപ്പിടാൻ 2015 ആയി. ആദ്യ കാലങ്ങളിൽ അതിശക്തമായ എതിർപ്പ് ഈ പദ്ധതിക്കുനേരെ ഉയർന്നിരുന്നു. എന്നാൽ 2015 ആയപ്പോഴേക്കും വികസന അജൻഡയുടെ ലാസ്റ്റ് ബസ് എന്ന വാദത്തിലാണ് ഈ കരാർ ഒപ്പിടുന്നത്.