തിരുവനന്തപുരത്ത് നീന്തൽ പരിശീലന കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തുന്ന വേങ്കവിളയിലെ കുളത്തിലാണ് അപകടം ഉണ്ടായത്. കുശർകോട് സ്വദേശികളായ ആരോമൽ,ഷിനിൽ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുളത്തിൽ കുളിക്കാൻ ഇറങ്ങവെയായിരുന്നു അപകടം.
ഇന്ന് ഉച്ചയോടെ പരിശീലനം ഇല്ലാത്ത സമയം നോക്കി കുശർകോട് സ്വദേശികളായ ഏഴു കുട്ടികൾ പരിശീലന കേന്ദ്രത്തിന്റെ ഗേറ്റ് കടന്ന് കുളത്തിൽ കുളിക്കാൻ ഇറങ്ങി. കുളിക്കുന്നതിനിടയിൽ 13 വയസുളള ആരോമൽ,14 വയസുകാരനായ ഷിനിൽ എന്നിവർ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന വിദ്യാർഥികൾ നിലവിളിച്ചതോടെയാണ് നാട്ടുകാരെത്തിയത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്തത്. തുടർന്ന് നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
വിദ്യാർഥികൾ അപകടത്തിൽപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ദിവസവും രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനമുള്ളത്. ഇതിനായി പരിശീലകരെയും പഞ്ചായത്ത് അധികൃതർ നിയമിച്ചിട്ടുണ്ട്.