KeralaPolitics

തിരുത്തും, പക്ഷേ അത് മുഖ്യമന്ത്രിയെ ആവില്ലെന്ന് എം. വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റുന്ന ശൈലിയിൽ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിന്റെ അർത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ലെന്നും അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു. സംസ്ഥാന ഘടകത്തെ വിമർശിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

നിലവിലെ വിവാദങ്ങളിൽ എസ്എഫ്ഐ യ്ക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും എം,വി ഗോവിന്ദൻ വ്യക്തമാക്കി. എസ്എഫ്ഐയുടെ മുന്നേറ്റത്തെ തടയാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്തെ ഏതെങ്കിലും ഒരു കോളേജിലെ ചില സംഭവവികാസങ്ങൾ കേരളത്തിലാകെയുള്ള സംഘടനാ ശൈലിയായി പർവ്വതീകരിക്കുവാനാണ് ചിലരൊക്കെ ശ്രമിക്കുന്നതെന്നും മാധ്യമങ്ങളുടെ പ്രചാര വേല മാത്രമാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എസ്എഫ്ഐ യെ തകർക്കാൻ ചില പത്രങ്ങൾ അവരുടെ എഡിറ്റോറിയൽ ലേഖനങ്ങൾ വരെ ഉപയോഗിക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. എസ്എഫ്ഐ യുടെ തെറ്റുകളെ ന്യായീകരിക്കുന്നില്ല. എന്നാൽ തെറ്റ് തിരുത്തി തന്നെ അവർ മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ യെ പിന്തുണച്ചുകൊണ്ട് പാർട്ടി സെക്രട്ടറി വ്യക്തമാക്കി. നേരത്തെ എസ്എഫ്ഐ യെ വിമർശിച്ചുകൊണ്ട് എം.വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. എന്നാൽ എസ്എഫ്ഐ യ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടേയും നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button