Blog

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിനമായിട്ടും 21-ാം തീയതിയായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം പൊതു അവധി ദിവസങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങള്‍ ചേരാന്‍ പാടില്ലായിരുന്നു. 21 ഞായര്‍ പൊതു അവധി ദിവസമാണ്. ഇൗ സാഹചര്യത്തില്‍ ഞായറാഴ്ച യോഗം ചേരാന്‍ സാധിക്കാതെ വന്നാല്‍ ഒരു ദിവസത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാനാണ് ഏതാനും ദിവസം മുമ്പ്, പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗത്തിന് ഒഴിവുദിനം ബാധകമല്ലാതാക്കി ചട്ട ഭേദഗതി കൊണ്ടുവന്നത്.

ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. അതത് വരണാധികാരികളാണ് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കുന്നത്. കോര്‍പറേഷനുകളില്‍ കലക്ടര്‍മാരാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനില്‍ പകല്‍ 11.30നും സത്യപ്രതിജ്ഞ നടത്തണം. ചടങ്ങ് കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം ചേരണം. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമാകും യോഗത്തില്‍ അധ്യക്ഷനാകേണ്ടത്.

കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. ആ ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. മൂന്നു ദിവസത്തെ നോട്ടീസ് നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാല്‍ ക്രിസ്മസിനു ശേഷമാകും ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനുവരി ആദ്യമാകും നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button