KeralaNews

കായികമേള ഇനി സ്‌കൂൾ ഒളിമ്പിക്‌സ്‌; 4 വര്‍ഷത്തിലൊരിക്കല്‍ നടത്തും

തിരുവനന്തപുരം: സ്‌കൂള്‍ കായികമേളയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്താൻ സംസ്ഥാന സർക്കാർ. കായികമേള ഇത്തവണ മുതൽ സ്കൂൾ ഒളിംപിക്സ് എന്നപേരിലാവും നടത്തുക. നാല് വർഷം കൂടുമ്പോഴാണ് ഇതു സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യ സ്കൂൾ ഒളിംപിക്സ് ഒക്റ്റോബർ 18 മുതൽ 22 വരെ എറണാകുളത്ത് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

എല്ലാവര്‍ഷവും കായികമേള നടക്കും. സ്‌കൂള്‍ ഒളിമ്പിക്‌സ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം. കായിക മേളയും ഒളിമ്പികസും ഇത്തവണ ഒരുമിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന ജില്ലകളും നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണ്.

ടിടിഐ, പിപിടിടിഐ കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ നടത്തും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ 25, 26, 27 തീയതികളിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ(ഗോത്ര ജനത) കലകളും മത്സര ഇനമാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button