
കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് നെല്ലിയാമ്പതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ചുരം പാതയിലടക്കം മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍ ഉത്തരവിറക്കിയത്. പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ പുഴ കരകവിഞ്ഞൊഴുകി. പേഴുംപാറ-ചാത്തമംഗലം റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം താല്‍ക്കാലമായി നിര്‍ത്തി.
വെള്ളം കയറിയ പുത്തന്‍തോട് ഭാഗത്തെ നാല് വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. അടിമാലി രാജാക്കാട് റോഡില്‍ വെള്ളത്തൂവല്‍ യാക്കോബായ പള്ളിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലും വിവിധ ആറുകള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്. മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു .മൂന്നാര്‍ റീജണല്‍ ഓഫീസിന് സമീപം ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണ് നാലോളം വഴിയോര കടകള്‍ പൂര്‍ണമായും തകര്‍ന്നു. കടകളില്‍ ആളില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകള്‍ തുറന്നത്.മൂന്ന് ക്യാമ്പുകളാണ് തുറന്നത്.14 കുടുംബങ്ങളിലെ 53 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കി വെള്ളിയാമറ്റം പതിക്കമലയില്‍ കോളേജില്‍ പോയി വന്ന കാഞ്ഞിരംകുന്നേല്‍ നികേഷ് ആണ് ഒഴുക്കില്‍പ്പെട്ടു.ചെറിയ പരിക്കുകളോടെ യുവാവ് രക്ഷപ്പെട്ടു.