ഓപ്പറേഷൻ സിന്ദൂർ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറി; പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ’ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ ഭാരതം സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകം വ്യക്തമായി കണ്ടു. ഇന്ത്യയുടെ ശക്തി ലോകത്തിനു ബോധ്യപ്പെട്ടു. ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും ഭാരതമാതാവിനോടുള്ള സ്നേഹത്തിന്റെ ചിത്രങ്ങൾ ഉയർന്നുവന്നുവെന്ന് പ്രധാനമന്ത്രി മാൻ കീ ബാത്തിൽ പറഞ്ഞു.
ദേശീയ സുരക്ഷ മുതൽ കായിക മേഖല വരെ, ശാസ്ത്ര ലബോറട്ടറികൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമുകൾ വരെ, എല്ലായിടത്തും ഇന്ത്യ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ലോക ചാമ്പ്യൻഷിപ്പിൽ നിരവധി മെഡലുകൾ നേടി, ഒരു തടസത്തിനും ധൈര്യത്തെ തടയാൻ കഴിയില്ലെന്ന് പാരാ അത്ലറ്റുകൾ തെളിയിച്ചു. നിരവധി മെഡലുകൾ നേടി. നമ്മുടെ പെൺമക്കൾ വനിതാ ബ്ലൈൻഡ് ടി20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. ഏഷ്യാ കപ്പ് ടി20യിലും ത്രിവർണ്ണ പതാക അഭിമാനത്തോടെ പറന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശാസ്ത്രത്തിലും ബഹിരാകാശത്തും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായിശുഭാംശു ശുക്ല മാറിയെന്ന് അദേഹം പറഞ്ഞു. 2025 ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. സ്വദേശി ഉൽപ്പന്നങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. അതേസമയം നിരവധി പ്രകൃതി ദുരന്തങ്ങൾക്കും 2025 സാക്ഷിയായെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ അവരുടെ മക്കളെ ഇന്ത്യയിലെ ഭാഷകൾ പഠിപ്പിക്കാൻ വലിയ ശ്രമങ്ങൾ നടത്തുന്നു. അതിനുവേണ്ടി നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. ദുബായിലെയും ഫിജിയിലെയും ഉദാഹരണങ്ങൾ ചൂണ്ടികാട്ടിയായിരുന്നു പ്രധാനമനമന്ത്രിയുടെ പരാമർശം.

