Blog

‘നിശ്ചിത തീയതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിച്ചാലും ടാക്‌സ് റീഫണ്ട്’; പരിഷ്‌കരിച്ച ആദായനികുതി ബില്‍ ലോക്‌സഭ പാസാക്കി

പരിഷ്‌കരിച്ച പുതിയ ആദായനികുതി ബില്‍ 2025 ലോക്‌സഭ പാസാക്കി. 1961 ലെ നിലവിലെ ആദായനികുതി നിയമത്തിന് പകരമായി ഈ വര്‍ഷം ഫെബ്രുവരി 13ന് ലോക്സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 വെള്ളിയാഴ്ച സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച പുതുക്കിയ ആദായനികുതി ബില്ലാണ് ലോക്‌സഭ പാസാക്കിയത്.

60 വര്‍ഷത്തിലേറെയായി പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമത്തിന് പകരമായി, ഇന്ത്യയുടെ നികുതി സമ്പ്രദായം അപ്ഡേറ്റ് ചെയ്യുന്നതിനും ലളിതമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയതതാണ് പുതിയ ആദായനികുതി ബില്‍. പരിഷ്‌കരിച്ച ഘടന, ഡിജിറ്റല്‍ നികുതി വ്യവസ്ഥകള്‍, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍, നികുതി പിരിവ് വിപുലീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ ബില്ലില്‍ നിര്‍ദേശിക്കുന്നു. ബിജെപി എംപി ബൈജയന്ത് പാണ്ടയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സെലക്ട് കമ്മിറ്റി നല്‍കിയ 285 ശുപാര്‍ശകളില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്നതാണ് പരിഷ്‌കരിച്ച ആദായനികുതി ബില്‍.

പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍:

ആദായനികുതി റിട്ടേണ്‍ നിശ്ചിത തീയതിക്ക് ശേഷം സമര്‍പ്പിച്ചാലും നികുതി റീഫണ്ട് അനുവദിക്കുന്നത് നികുതിദായകര്‍ക്ക് ആശ്വാസം നല്‍കും.
MSME നിയമവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ നിര്‍വചനം മാറ്റണം. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വരുമാനവും കൈപ്പറ്റലും തമ്മിലുള്ള വ്യത്യാസം വ്യക്തമായി വിശദീകരിക്കണം. അജ്ഞാത സംഭാവനകള്‍ക്ക് ചട്ടം കൊണ്ടുവരണം. ഇത്തരം നടപടികള്‍ തര്‍ക്കം പരിഹരിക്കാന്‍ സഹായിക്കും. അഡ്വാന്‍സ് റൂളിങ് ഫീസ്, പ്രൊവിഡന്റ് ഫണ്ടുകളിലെ ടിഡിഎസ്, കുറഞ്ഞ നികുതി സര്‍ട്ടിഫിക്കറ്റുകള്‍, പിഴ അധികാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത നല്‍കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button